വൃദ്ധസദനം

കവലയിലെ ഒരു പലചരക്കു കടയിൽ ആയിരുന്നു അയാൾക്കു ജോലി. വലിയ ശമ്പളം ഒന്നും ഇല്ലെങ്കിലും തനിക്കും വൃദ്ധയായ അമ്മയ്ക്കും മൂന്ന് നേരം വിശപ്പടക്കാൻ ഉള്ള വരുമാനം ഉണ്ടായിരുന്നു. അയാളുടെ മുതലാളി നല്ലവനായിരുന്നു. മരുന്നിനോ മറ്റു കാര്യങ്ങൾക്കോ പെട്ടെന്ന് പൈസ ആവശ്യം വരുമ്പോൾ മുതലാളി സഹായിക്കാറുണ്ട്. അമ്മയുടെ കാര്യങ്ങളിൽ കുറവൊന്നും വരാതെ നോക്കാൻ അയാളും ശ്രദ്ധിച്ചിരുന്നു. എന്നാലും ഇടക്ക് കടയിൽ ജോലി കൂടുതൽ ഉള്ള ദിവസങ്ങൾ കടയിലെ കാര്യവും അമ്മയുടെ കാര്യവും ഒരുമിച്ചു നോക്കാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്. കടയിലെ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോ അമ്മ കഞ്ഞി കുടിക്കാനോ മരുന്ന് കഴിക്കാനോ കൂട്ടാക്കിയില്ലെങ്കിൽ ദേഷ്യവും വരാറുണ്ട്.

ഒരു ചെറിയ ഒറ്റ മുറി വീടായിരുന്നു അയാളുടേത്. അമ്മയുടെ കട്ടിലും പഴയ തയ്യൽ മെഷിനും തന്നെ മുറിയുടെ പകുതിയോളം സ്ഥലം നിറച്ചിരുന്നു. തുണികൾ തയ്ച്ചു കൊടുത്തും തയ്യൽ ക്ലാസ് നടത്തിയും ആണ് അമ്മ അയ്യാളെ വളർത്തിയതു. പക്ഷെ ഇന്ന് ആ മെഷീൻ കൊണ്ട് ഒരു ഉപയോഗവും ഇല്ല. അത് വീട്ടിൽ ഒരു അധികപ്പറ്റാണെന്നും പറ്റിയാൽ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിക്കണം എന്നും അയാൾ ഇടക്ക് ആലോചിക്കാറുണ്ട്.

കവലയിലെ ബസ് സ്റ്റോപ്പിനടുത്തുള്ള ഫോട്ടോസ്റ്റാറ് കടയുടെ പുറകിൽ കഴിഞ്ഞ വർഷം പണി പൂർത്തിയാക്കിയ ഒരു കെട്ടിടം ഉണ്ട്. 'കൗസല്യ വൃദ്ധ ഭവനം'. കുറെ സൗകര്യങ്ങൾ ഒക്കെ ഉള്ള സ്ഥലം ആണത്രേ. സമയത്തിന് ഭക്ഷണം, ശുശ്രുഷിക്കാൻ വോളന്റീർമാർ, ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനം, അങ്ങനെ പലതും. മാസം ഒരു നിശ്ചിത തുക ആപ്പീസിൽ അടച്ചാൽ മാതാ-പിതാക്കളുടെ എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും. അതൊരു നല്ല സംരംഭം ആണെന്ന് അയാൾക്കു തോന്നിയിരുന്നു. ഇക്കാലത്തെ തിരക്കേറിയ ജീവിതത്തിനു ഏറ്റവും പ്രായോഗികമായ ആശയം. പട്ടണത്തിൽ ബിസിനസ് ചെയ്യുന്ന ഗോവിന്ദന്റെ അച്ഛൻ അവിടെ ആണ്. ഗോവിന്ദൻ വല്യ നിലയിൽ ആണെന്നാ കേട്ടത്. പട്ടണത്തിൽ വല്യ ബന്ഗ്ലാവ് പണിതു അങ്ങോട്ട് താമസം മാറ്റിയപ്പോളാണ് അച്ഛനെ ഭവനത്തിലേക്ക് മാറ്റിയത്. സാമ്പത്തിക ശേഷി ഉള്ളവർക്ക് നേരിട്ടും അല്ലാത്തവർക്ക് 'സ്പോൺസർ' മുഖേനയും അവരുടെ മാതാ-പിതാക്കളെ ഭവനത്തിൽ ചേർക്കാം.

'മുതലാളി വിചാരിച്ചാൽ ഒരു സ്‌പോൺസറെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല അല്ലെ?' കുറെ ദിവസങ്ങളുടെ ആലോചനക്കു ശേഷം അയാൾ മുതലാളിയോട് ചോദിച്ചു. ഒരു ചർചക്കോടുവിൽ അയാൾ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു മുതലാളികും തോന്നി. അദ്ദേഹം പറഞ്ഞ പ്രകാരം  ഭവനത്തിൽ പോയി ഒരു ആപ്ലിക്കേഷൻ ഫോറം വാങ്ങി വീട്ടിലേക്കു നടന്നു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ. 'സാവധാനം പറഞ്ഞു മനസ്സിലാക്കിയാൽ അമ്മ സമ്മതിക്കാതിരിക്കില്ല.' അയാൾ ഓർത്തു.

വീട്ടിലേക്കു മടങ്ങും മുൻപ് ഒരിക്കൽ കൂടി അയാൾ ഭവനത്തിലേക്ക് നോക്കി. പണ്ട് അയാൾ പഠിച്ച L.P. സ്കൂൾ നിന്നിരുന്ന സ്ഥലത്താണ് ഇന്ന് ഭവനം നിൽക്കുന്നത്. അന്ന് ബസ് സ്റ്റോപ്പും ഫോട്ടോസ്റ്റാറ്റ് കടയും ഇല്ല. കവലയിൽ ഇന്നുള്ളത്ര തിരക്കും ഇല്ല. വാഹനങ്ങളെക്കാൾ കാൽനട യാത്രക്കാർ ആയിരുന്നു അധികം. ഒരു കയ്യിൽ അയാളുടെ കുഞ്ഞു കയ്യും‌, മറ്റേ കയ്യിൽ തയ്‌ക്കാൻ ഉള്ള തുണികളുടെ ഒരു വല്യ സഞ്ചിയും പിടിച് അയാളെ സ്കൂളിൽനിന്ന് കൂട്ടികൊണ്ടു വരുന്ന അമ്മയെ കുറിച്ച് അയാൾ ഓർത്തു. അയാളുടെ തോളിൽ ഉണ്ടായിരുന്ന കുഞ്ഞു സ്കൂൾ ബാഗിനു വല്യ ഭാരം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അമ്മയുടെ കയ്യിലെ സഞ്ചിയുടെ ഭാരം - അത് എത്രയായിരുന്നു എന്ന് അമ്മ ഒരിക്കലും അയാളെ അറിയിച്ചിരുന്നില്ല. അയാൾ ഒരിക്കലും ചോദിച്ചിട്ടും ഇല്ല.

വീട്ടിലെത്തി ഫോറം ഷെൽഫിൽ വെച്ചു. അമ്മക്ക് കഞ്ഞി വിളമ്പിയിട്ടു ഷെല്ഫില്നിന്നു ഫോറം കയ്യിൽ എടുത്തു അമ്മയുടെ കട്ടിലിനടുത്തു ഇരുന്നു. എന്നിട്ടു അന്നത്തെ വിശേഷങ്ങൾ ഓരോന്നായി അമ്മയോട് പറഞ്ഞു തുടങ്ങി. കടയിൽ പുതിയ ലോഡ് അരിയും ഗോതമ്പും വന്ന കാര്യവും, പറ്റു-നാരായണൻ വീണ്ടും കടം പറഞ്ഞ കാര്യവും, സ്കൂൾ വിട്ട സമയത്തു കുട്ടികൾ സിപ്പപ്പിനു വേണ്ടി തിരക്കിട്ടു ഓടി വന്നതും ഒക്കെ. പതിവ് പോലെ ഒരു നേർത്ത പുഞ്ചിരി മാത്രം ആയിരുന്നു അമ്മയുടെ മറുപടി. എന്നാൽ അന്നെന്തോ ആ പുഞ്ചിരിയിൽ കുറെ അർത്ഥങ്ങൾ ഉണ്ടായിരുന്നതായി അയാൾക്കു തോന്നി. സംതൃപ്തിയുടെ പുഞ്ചിരി. വാർധക്യത്തിൽ മക്കൾ കൂടെ ഉണ്ടെന്ന വിശ്വാസത്തിന്റെ പുഞ്ചിരി. ഒരു മകന്റെയോ മകളുടെയോ സാമീപ്യത്തിനു മാത്രം നൽകാൻ കഴിയുന്ന വിശ്വാസ്യതയുടെ പുഞ്ചിരി. കയ്യിൽ ഉള്ള ഫോറത്തിലേക്കു അയാളൊന്നു കണ്ണോടിച്ചു. അന്നത്തെ എല്ലാ വിശേഷവും അയാൾ അമ്മയോട് പറഞ്ഞു, ഒന്നൊഴികെ.

പാത്രം വാങ്ങി കയ്യും വായും കഴുകി കൊടുത്തിട്ടു അമ്മ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞപ്പോൾ അയാളുടെ വാക്കുകളിൽ അയാൾ അമ്മക്കു നൽകുന്ന ഒരു ഉറപ്പുണ്ടായിരുന്നു. 'ഒരു വൃദ്ധസദനത്തിനും ഞാൻ അമ്മയെ വിട്ടു കൊടുക്കില്ല' എന്ന ഉറപ്പു.

Comments

Post a Comment

Popular posts from this blog

Of Desires & Moksha

Man and Nature...